അന്നംക്കുട്ടി സുന്ദരിയും സുശീലയും സുമുഖയും സൌമ്യയും ആയ ഒരു വീട്ടമ്മയാണ്.അവള്‍ രണ്ടു കുട്ടികളുടെ മാതാവാണ്.ഭര്ത്താവിന്‍റെ ഇഷടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞ് പെരുമാറുന്ന ഒരു ഭാര്യ.സ്വന്തം കാര്യങ്ങള്‍ നീക്കിവെച്ചാലുംകുട്ടികളുടെയും ഭര്ത്താവിന്‍റെയും കാര്യങ്ങള്‍ എല്ലാം അവള്‍ കണ്ടറിഞ്ഞ് ചെയ്ത് കൊടുക്കുന്നു.അങ്ങനെ നല്ലൊരു കുടുംബജീവിതം നയിച്ച് പോകുന്ന ഒരു സ്ത്രീയാണ് അന്നംക്കുട്ടി“.ഭര്ത്താവെ ശരണം മക്കളെ ശരണം“ - ഇതായിരുന്നു അവളുടെ മന്ത്രം.
അങ്ങനെയിരിക്കെ അവരെല്ലാവരും കുടുംബസമേതം ഒരു ബന്ധുവിന്‍റെ കല്യാണത്തിനു പോയി.വര്ഷങ്ങളായി കാണാതിരുന്ന പല ബന്ധുക്കളും അവിടെയുണ്ടായിരുന്നു.എല്ലാവര്‍ക്കും ഒന്നെ പറയാനുണ്ടായിരുന്നുള്ളൂ-”എന്‍റെ അന്നംക്കുട്ടി നീയാകെ മാറിയല്ലൊ.എങ്ങനെയിരുന്ന മോളാ ഇപ്പൊ കണ്ടില്ലെ വെള്ളത്തിലിട്ട പോലെ ചീര്ത്തിരിക്കുന്നത്ത്,എന്തൂട്ടണ്ടി നീ തിന്നണെ?
പോരേ പൂരം! ഇതെല്ലാം സഹിക്കാവുന്ന മനുഷ്യനാര്‍? അന്നംക്കുട്ടിക്ക് എങ്ങനെയങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതീന്നായി.ഫുഡടിച്ച് കഴിഞ്ഞതും അന്നംക്കുട്ടി ഭര്ത്താവിനോട് പറഞ്ഞുപെണ്ണും വന്നിട്ട്-”അതെയ്,നമുക്ക് പൂവാം ഇനീപ്പോ ചെക്കനും പെണ്ണും വന്നിട്ട് എപ്പോ വീട്ടിലെത്താനാ?കുട്ടികളോക്കെ ക്ഷീണിച്ചു”.ഭര്ത്താവ് അന്തിച്ചുപോയി,രാത്രിയായിട്ടെ മടക്കമുള്ളൂ എന്നു ഇന്നലെ തൊട്ട് വാശിപിടിച്ച അളാണ് പോകാന്‍ കയറ് പൊട്ടിക്കുന്നത്.എന്തെങ്കിലും ആവട്ടെ ‘തിരുവായ്ക്ക് എതിര്‍വായില്ലാല്ലൊ’!
വീട്ടിലെത്തി അന്നംക്കുട്ടി ആദ്യം പോയത് കണ്ണാടിയുടെ അരികിലേക്കാണ്.സ്വന്തം ശരീരം ശരിക്കൊന്ന് നോക്കാന്‍!അവരെല്ലാം പറഞ്ഞത് സത്യമാണെല്ലൊ എന്ന് കണ്ട് അന്നംക്കുട്ടിക്ക് സങ്കടമായി.അന്നംക്കൂട്ടി വിദഗ്ദ്ധാഭിപ്രായത്തിനു വേണ്ടി ഭര്ത്താവിനെ സമീപിച്ചു.ഭര്ത്താവ് -”ഏയ് അത്രക്കൊന്നുമില്ല ഒരു ലേശം, ഒരു പൊടിക്ക് ഒന്നു വണ്ണം വെച്ചിട്ടിണ്ട്,അല്ലാതെ പോണ്ണത്തടിയൊന്നുമില്ല”.[ബുദ്ധിയുള്ളവന്‍]
അന്നംക്കുട്ടി ഭര്ത്താവിനോട് പറയാതെ ഒരു തീരുമാനമെടുത്തു-”നാളെ മുതല്‍ ഞാന്‍ ഡയറ്റിംഗിലാണ്“.
പിറ്റെദിവസം കിഴക്ക് വെള്ളയും പച്ചയും മഞ്ഞയുമെല്ലാം കീറി.അന്നംക്കുട്ടി പതിവുപോലെ അടുക്കളയില്‍ പ്രവേശിച്ചു.ചായ വെക്കാം “കുറച്ച് മതി എനിക്ക് വേണ്ടല്ലൊ“-അന്നംക്കുട്ടി ചിന്തിച്ചു.ചോറുവെക്കാം.അരി അളന്ന് എടുക്കുമ്പോള്‍ അളവ് കുറച്ചു“.അവര്‍ക്ക് മാത്രം മതിയല്ലൊ“-അന്നംക്കുട്ടിയുടെ ആത്മഗതം.”ഇന്നെന്താ കറി വെയ്ക്ക്യാ-ഒടിപയര്‍ തോരനും സാമ്പാറും വെക്കാം,ഇത്തിരി തേങ്ങാചമ്മന്തിയും അരയ്ക്കാം“-അന്നംക്കുട്ടി തീരുമാനിച്ചു.
അന്നംക്കുട്ടി ‘ശടേ’ന്ന് പണികഴിച്ചു.നന്നായി വിശക്കുന്നുണ്ട്.എന്തു ചെയ്യും? അപ്പോഴാണ് മകന്‍റെ വരവ്.”എനിക്ക് ചോറും കൂട്ടനുമൊന്നും വേണ്ട,എനിക്ക് ദോശയുണ്ടാക്കി തന്നാമതി”-മകന്‍.ഫ്രിഡ്ജിലുണ്ടായിരുന്ന ദോശമാവെടുത്ത് ദോശ ചുട്ട് കൊടുത്തു. എട്ടെണ്ണത്തില്‍ അവന് ആകെ മൂന്നെണ്ണം മതി.ബാക്കിയിപ്പൊ എന്തു ചെയ്യും?എന്തായാലും രാവിലെ ചായപോലും കുടിച്ചിട്ടില്ലല്ലൊ, ദോശ തിന്നാം.അങ്ങനെ അഞ്ജെണ്ണവും തിന്ന് അന്നംക്കുട്ടി വിശപ്പടക്കി.
ഒന്നു രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മകള്‍ക്ക് വിശക്കുന്നുണ്ട്.ഭര്ത്താവും മകനും പോയിക്കഴിഞ്ഞാല്‍ പിന്നെ മകളാണ് അന്നംക്കുട്ടിയുടെ കൂട്ടുകാരി.മകളുടെ ഭക്ഷണം കഴിഞ്ഞപ്പോള്‍ അതില്‍ കുറെ ബാക്കിയായി.അത് എങ്ങനെ വേസ്റ്റാക്കും?അന്നംക്കുട്ടി അതിലേക്ക് കുറച്ചുക്കൂടി ചോറിട്ട് സാമ്പാറും തോരനും ചമ്മന്തിയുമായി ഒരു പിടിപ്പിടിച്ചു.പോരാ കുറച്ചും കൂടിയാവാം.വീണ്ടും അതെ അളവില്‍ വയറ്റിലോട്ട് ചെലുത്തി.എന്തൊരു സുഖാണ്ടോ?മകള്‍ക്ക് ഉറക്കം വരുന്നു.അവര്‍ ഉച്ചയുറക്കത്തിലേക്ക്’ വഴുതി’ ‘തെന്നി’ വീഴുന്നു.
വൈകുന്നേരം ഭര്ത്താവ് ബര്‍ഗറും പേസ്ട്രിയും വാങ്ങിച്ച് കൊണ്ടുവരുന്നു“.നിങ്ങളിതെന്തിനാ വേടിച്ചേ,എനിക്കിതൊന്നു വേണ്ട,ഞാന്‍ തിന്നണില്യാ,നിങ്ങളും മക്കാളും കൂടിത്തിന്ന് തീര്ക്ക്“-അന്നംക്കുട്ടി.”അല്ലെങ്കിലും ഞാന്‍ എന്ത് സാധനം വാങ്ങിയാലും നിനക്ക് വേണ്ട,വേണ്ടെങ്ങ്യെ വേണ്ട,ആരും തിന്നണ്ട,എടുത്തു ദൂരെ കളഞ്ഞൊ“!-ഭര്ത്താവ്.അന്നംക്കുട്ടിക്ക് സഹിക്കുന്നില്ല.അങ്ങനെ എല്ലാവരും കൂടി ചായുടെയൊപ്പം ബര്‍ഗറും പേസ്ട്രിയും കഴിക്കുന്നു.
രാത്രി വീട്ടിലേക്ക് ചില അതിഥികള്‍ വരുമെന്നു ഫോണ്‍ വിളിച്ച് പറയുന്നു.അന്നംക്കുട്ടി ഫ്രിഡ്ജിലുണ്ടായിര്ന്ന മീന്‍ കറിയാക്കുന്നു.തലേന്ന് പാകപ്പെടുത്തിയ പോത്തുലര്ത്തിയത് എടുത്ത് ചൂടാക്കുന്നു.ഭര്ത്താവ് തല്സമയം ഹോട്ടലില്‍ നിന്ന് കോഴിയിറച്ചിക്കറി ഹോം ഡെലിവറി ചെയ്യാന്‍ ഓര്‍ഡര്‍ ചെയ്യുന്നു.
അതിഥികള്‍ കൃത്യസമത്ത് തന്നെ വരുന്നു,വിശേഷം പറച്ചിലിനു ശേഷം ഭക്ഷിക്കാനിരിക്കുന്നു.അന്നംക്കുട്ടി വിളമ്പാന്‍ നില്ക്കുന്നു.”വരൂ ചേച്ചി,നമുക്കൊരുമിച്ചിരിക്കാം,എല്ലാവരും ഒരുമിച്ചിരിക്കുന്നതല്ലെ നല്ലത്”? -അതിഥി. അന്നംക്കുട്ടി ഭക്ഷിക്കാനിരിക്കുന്നു.അവരുടെ കൂടെയിരിരുന്ന് വര്ത്തമാനം പറഞ്ഞ് കോഴിയിറച്ചി കഴിക്കുന്നു.മീന്‍കറികഴിക്കുന്നു,പോത്തുലര്ത്തിയത് കഴിക്കുന്നു.എല്ലം കഴിഞ്ഞു,സുഭപര്യവസായി ആയി.അതിഥികള്‍ യാത്ര പറഞ്ഞ് പിരിഞ്ഞു പോയി.
അന്നംക്കുട്ടി ഉറങ്ങാന്‍ കിടന്നു.അപ്പോള്‍ അന്നംക്കുട്ടിയുടെ മനസ്സില്‍ ഒരാശ്വാസമായിരുന്നു.കാരണം ഫലപ്രദമായ ഒരു ഡയറ്റിംഗ് തുടങ്ങാന്‍ കഴിഞ്ഞല്ലോ,ചായപോലും കുടിക്കാതെ!!! “എന്നെ സമ്മതിക്കണം,ഇങ്ങനെ പോയാല്‍ ഞാന്‍ വണ്ണം കുറഞ്ഞ് ആകെ നൂല് പോലെയാവും,എന്നിട്ട് വേണം എന്നെ കുറ്റം പറഞ്ഞവരുടെ മുന്നില്‍ കൂടി തലങ്ങും വിലങ്ങും നടക്കാന്‍“- അന്നംക്കുട്ടി ചിന്തിച്ചു.
“സുഖനിദ്ര നേരുന്നു”
